ബെംഗളൂരു മഡിവാളയിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ നീക്കങ്ങൾ. കേസിൽ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ്, തന്നെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒളിവിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതി ഇത്തരമൊരു പരാതി നൽകിയത്. എന്നാൽ പ്രതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.
മഡിവാള പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഇടാൻ പോലും തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കാത്തിരിക്കൂ എന്നാണ് പൊലീസുകാർ പറഞ്ഞത്.
പല തരത്തിൽ ഭീഷണിയുണ്ടായി. ഇക്കാര്യം പറഞ്ഞപ്പോൾ ഒത്തുതീർപ്പാണ് നല്ലതെന്ന് പൊലീസ് പറഞ്ഞു.
ഹണി ട്രാപ്പിൽ കുടുക്കാനാണ് ശ്രമമെന്ന് അറിയില്ലായിരുന്നു. ഡിസിപി പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും പെൺകുട്ടി പറഞ്ഞു.
മെയ് 12നാണ് ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. 13നാണ് പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി മഡിവാള പൊലീസിനെ സമീപിച്ചത്.
രാവിലെ ഏഴുമണിയോടെ സ്റ്റേഷനിലെത്തിയ ഇവർ രാത്രി 11 മണിവരെ സ്റ്റേഷനിൽ തുടരേണ്ട സാഹചര്യമുണ്ടായി.
ഈ സമയം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ ദൗർഭാഗ്യകരമായിരുന്നുവെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. കേസ് ഒത്തുതീർപ്പാക്കുന്നതാണ് ഉചിതമെന്നും അല്ലാത്തപക്ഷം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും പൊലീസുകാർ മുന്നറിയിപ്പ് നൽകി.
തുടർന്നാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നത്. പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു.
കഫേ വിൽപനയുടെ ഇടനിലക്കാരനായിരുന്ന ഹൈനസ്, പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തി അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തിന് ശേഷവും പ്രതിയും പൊലീസും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിക്കുന്നു.
നിലവിൽ പ്രതി ഒളിവിലാണ്. ഇയാൾ കേരളത്തിലേക്ക് കടന്നുവെന്ന നിഗമനത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരായ പെൺകുട്ടിയെയും സുഹൃത്തുക്കളെയും ലഹരിക്കേസുകളിൽ ഉൾപ്പെടുത്താൻ നീക്കങ്ങൾ നടക്കുന്നതായി ആശങ്കയുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മഫ്തിയിലെത്തിയ പൊലീസുകാർ ആധാർ കാർഡുകൾ പരിശോധിക്കുകയും മയക്കുമരുന്ന് കേസുകളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

