ബെംഗളൂരു ടൗൺ ഹാളിന് സമീപം മെയ് 24-ന് ആസൂത്രണം ചെയ്തിരിക്കുന്ന മനുഷ്യച്ചങ്ങല സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ഡിജിറ്റൽ ക്യാമ്പയിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ നീക്കം നടക്കുന്നത്.
കന്നഡ ഭാഷയിൽ തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകളിൽ “പാറ്റകളുടെ ശക്തി ഓണ്ലൈനില് മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ടൗൺ ഹാൾ പരിസരത്ത് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
അതേസമയം, സംഭവത്തിൽ കർശന മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ് രംഗത്തെത്തി. പരിപാടി നടത്തുന്നതിനായി ഏതെങ്കിലും വ്യക്തിയോ, സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ഔദ്യോഗികമായി അനുമതി തേടിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ടൗൺ ഹാൾ പരിസരം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലാത്തതിനാൽ, മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും പരിപാടിയുടെ ഭാഗമായി ഒത്തുകൂടരുതെന്നും പൊതുജനങ്ങൾക്ക് പോലീസ് കർശന നിർദ്ദേശം നൽകി.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് താരതമ്യം ചെയ്തുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് സിജെപി എന്ന പേരിൽ ഈ ഡിജിറ്റൽ മുന്നേറ്റം ആരംഭിച്ചത്. പുണെ സ്വദേശിയായ അഭിജീത് ദീപ്കെ (30) എക്സ് പ്ലാറ്റ്ഫോമിൽ ആരംഭിച്ച ഈ പേജ്, നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ പരിഹസിക്കുന്ന പ്ലാറ്റ്ഫോം എന്ന നിലയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
വെറും അഞ്ച് ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 1.85 കോടി ഫോളോവർമാരെ നേടാൻ സിജെപിക്ക് സാധിച്ചിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളെ മറികടക്കുന്ന രീതിയിലുള്ള ജനപിന്തുണയാണ് ഈ ഡിജിറ്റൽ ക്യാമ്പയിൻ ഇതിനകം നേടിയെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

