ലൈഫ് മിഷൻ ഭവന പദ്ധതി പിരിച്ചുവിടാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും, പദ്ധതി നിർത്തിവെക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവ് നായ ശല്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിധേയമായി ശാസ്ത്രീയമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തെരുവ് നായകളെ കൊന്നൊടുക്കുക എന്ന നടപടിയോട് യോജിക്കുന്നില്ലെന്നും, ഇത്തരം പ്രവൃത്തികൾ മറ്റ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി, വിഷയത്തിൽ സമഗ്രമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നും പറഞ്ഞു. അതേസമയം, ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂക്ഷവിമർശനവുമായി രംഗത്തെത്തി.
ലക്ഷക്കണക്കിന് സാധാരണക്കാരുടെ സ്വപ്നസാക്ഷാത്കാരമായ പദ്ധതിയെ തകർക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം ആരോപിച്ചു. അഞ്ച് ലക്ഷത്തിലേറെ വീടുകൾ ഇതിനകം പൂർത്തീകരിച്ച പദ്ധതിയാണിതെന്നും, നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഒരു ലക്ഷത്തിലേറെ വീടുകൾ ഉണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
കൂടാതെ, ഭൂമിയുള്ളവരും അല്ലാത്തവരുമായ രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ കൂടി പദ്ധതിയുടെ ഗുണഭോക്താക്കളായി കാത്തിരിക്കുമ്പോഴാണ് ഇത്തരം തീരുമാനങ്ങൾ ചർച്ചയാകുന്നതെന്ന് സിപിഐഎം പ്രസ്താവനയിൽ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

