രാജ്യത്ത് സജീവ ചർച്ചയായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനത പാർട്ടി’ എന്നത് കേവലമൊരു ട്രോളോ തമാശയോ അല്ലെന്നും, പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ പ്രതിഷേധവും രോഷവുമാണെന്നും ബിനീഷ് കോടിയേരി അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തോട് മടുപ്പ് തോന്നിയ ഒരു തലമുറയുടെ രാഷ്ട്രീയ ആവശ്യമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ ഇന്ത്യയിൽ തൊഴിലാവശ്യം ഉന്നയിക്കുമ്പോൾ പരിഹാസവും ചോദ്യങ്ങൾ ചോദിക്കുമ്പോൾ രാജ്യദ്രോഹി മുദ്രയുമാണ് നേരിടേണ്ടി വരുന്നതെന്ന് ബിനീഷ് കോടിയേരി വിമർശിച്ചു. അദ്ദേഹം മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ ശ്രദ്ധേയമാണ്: “വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർക്ക് അധികാരപദവികൾ നൽകരുത്, സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം, മാധ്യമങ്ങൾ അധികാരത്തിന്റെ വക്താക്കളാകരുത്, ജനപ്രതിനിധികളായി ജയിച്ച ശേഷം പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികൾക്ക് 20 വർഷത്തേക്ക് ഇലക്ഷനിൽ മത്സരിക്കാൻ അവസരം നൽകരുത്”.
ഈ ആവശ്യങ്ങൾ വെറുമൊരു സാധാരണ സംഗതിയല്ല, മറിച്ച് പുതിയ തലമുറയുടെ രാഷ്ട്രീയ ബോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ അണിനിരക്കുന്ന ഈ കൂട്ടായ്മ, യുവജനങ്ങളുടെ രാഷ്ട്രീയ ബോധവും സമൂഹത്തെ കാണുന്ന കൃത്യതയുമാണ് വെളിപ്പെടുത്തുന്നത്.
ഭരണകൂടം ഈ കൂട്ടായ്മയെ ഭയപ്പെടുകയും അടിച്ചമർത്താൻ ശ്രമിക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. കോക്രോച്ച് ജനത പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ശക്തിയോടെ ഇവർ തിരിച്ചുവരുന്നു. “അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന കോക്രോച്ചിനെപ്പോലെ ഈ തലമുറയും കൂടുതൽ വ്യക്തതയോടെ തിരിച്ചുവരും” എന്ന് ബിനീഷ് കോടിയേരി കുറിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞാലും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല. അധികാരം ചോദ്യം ചെയ്യുന്ന യുവത്വം ഭീഷണിയല്ല, മറിച്ച് പ്രതീക്ഷയാണെന്ന് വ്യക്തമാക്കിയ ബിനീഷ് കോടിയേരി, “‘Am also a cockroach’ എന്നത് നിശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണെന്നും താനുമൊരു കോക്രോച്ചാണെന്നും” പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

