രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,620 രൂപയിലും, പവന് 320 രൂപ താഴ്ന്ന് 1,16,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 14 ഡോളർ കുറഞ്ഞ് 4526 ഡോളറിലെത്തി. വിദേശ നാണ്യ വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 6 പൈസയുടെ ഇടിവുണ്ടായി.
രൂപയുടെ മൂല്യം 96.26 എന്ന നിലയിലാണ്. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ സാധിച്ചിരുന്നെങ്കിൽ സ്വർണവിലയിൽ കൂടുതൽ ഇടിവ് ദൃശ്യമാകുമായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. യുറേനിയം ഇറാനിൽ തന്നെ നിലനിർത്തുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിട്ടുണ്ട്.
ഇതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ 1-1.28 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. എണ്ണവിലയിലെ ഈ കുതിപ്പും ഡോളറിന്റെ ശക്തിയാർജ്ജിക്കലുമാണ് സ്വർണവില കുറയാൻ കാരണമായത്.
അതേസമയം, മധ്യസ്ഥർ മുഖേനയുള്ള സമാധാന ചർച്ചകൾ ഇരുവിഭാഗങ്ങളും തുടരുന്നുണ്ട്. ചർച്ചകൾ ഫലപ്രദമായി എണ്ണവില കുറയുകയാണെങ്കിൽ സ്വർണവിലയിൽ വരുംദിവസങ്ങളിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ വിവിധ സംഘടനകൾ നിശ്ചയിച്ച നിരക്കുകൾ താഴെ പറയുന്നവയാണ്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,075 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ലാതെ 285 രൂപയിൽ തുടരുന്നു.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ കുറച്ച് 12,010 രൂപയായും വെള്ളിക്ക് 285 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

