മയ്യിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് വർഷമായി പ്രദേശവാസികളുടെ ജനജീവിതത്തിനും കൃഷിയിടങ്ങൾക്കും വലിയ ഭീഷണിയാണ് ഇവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
കയരളം, മേച്ചേരി, ചെക്യാട്ടുകാവ്, ചട്ടുകപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഒച്ചുകളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സമാനമായ രീതിയിൽ ഈ പ്രദേശങ്ങളിൽ ശല്യം നിലനിന്നിരുന്നു.
കൃഷി നശിക്കുന്നത് വ്യാപകമായതോടെ, പ്രതിരോധ നടപടികൾ ആവശ്യപ്പെട്ട് ഒരു വർഷം മുൻപ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. മനുഷ്യാവകാശ കമ്മിഷൻ മയ്യിൽ പഞ്ചായത്ത്, കൃഷിഭവൻ, ആരോഗ്യവകുപ്പ് എന്നിവർക്ക് നിർദേശങ്ങൾ നൽകിയെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
നാമമാത്രമായ രീതിയിൽ ഉപ്പ് വിതറിയുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ മാത്രമാണ് അന്ന് നടന്നതെന്ന് പൊതുപ്രവർത്തകനായ അഡ്വ.കെ.വി.മനോജ്കുമാർ ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ നിലവിലെ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, ഒച്ച് നിവാരണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പുതിയ പ്രതിരോധ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒച്ചുശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് ബോധവൽക്കരണം നൽകി.
വരും ദിവസങ്ങളിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ വിദഗ്ധരുടെ സഹായത്തോടെ ഒച്ചുകളെ പൂർണമായും നിയന്ത്രണവിധേയമാക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

