പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് സ്കൂളുകളിൽ ഒരുക്കേണ്ട സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിനും കലക്ടർ നിർദേശം നൽകി. വനമേഖലയോട് ചേർന്നുകിടക്കുന്ന വിദ്യാലയങ്ങളിലേക്കുള്ള യാത്രാമാർഗങ്ങളിൽ വന്യമൃഗശല്യം മൂലം ഉണ്ടാകാനിടയുള്ള തടസങ്ങൾ പരിഹരിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, സ്കൂൾ പരിസരങ്ങളിലെ വൈദ്യുതി ലൈനുകളും ട്രാൻസ്ഫോമറുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കെഎസ്ഇബി അധികൃതർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മെന്റർ അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ പട്ടികവർഗ വികസന വകുപ്പ് നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ട് സ്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും.
യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.മൻമോഹൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാതല പ്രവേശനോത്സവം ജൂൺ ഒന്നിന് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ജിഎച്ച്എസ്എസിൽ നടക്കും.
കൃഷി മന്ത്രി ടി.സിദ്ദീഖ് മുഖ്യാതിഥിയാകും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാതല ഉദ്ഘാടനത്തിന് പുറമെ, ജൂൺ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

