മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കളങ്കമായി സഞ്ചാരികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. നാണക്കേടും സമയനഷ്ടവും ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നത് അക്രമികൾക്ക് സഹായകമാകുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മേഖലയിൽ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത് വിനോദ സഞ്ചാര മേഖലയുടെ തകർച്ചയ്ക്ക് വഴിവെക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് മിക്കപ്പോഴും ദുരനുഭവങ്ങൾ ഉണ്ടാകുന്നത്.
വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്, വാഹനങ്ങൾ ഉരസുന്നത്, ഊബർ വാഹനങ്ങളിൽ സഞ്ചരിക്കുന്നത്, വാഹനങ്ങൾക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയാണ് സംഘർഷങ്ങൾക്ക് പ്രധാന കാരണം.
ഊബർ വാഹനങ്ങളിൽ എത്തിയ വിദേശ സഞ്ചാരികളെ പോലും വാഹനത്തിൽ നിന്നും ഇറക്കിവിട്ട സംഭവങ്ങൾ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രത്യേകിച്ച് ടോപ് സ്റ്റേഷനിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണ്. തമിഴ്നാട് സർക്കാരിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശം കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ കീഴിലാണ്, എന്നാൽ ഇവിടെ നിന്നും 130 കിലോമീറ്റർ അകലെയാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ദിവസവും പതിനായിരക്കണക്കിന് സന്ദർശകർ എത്തുന്ന ഇവിടെ പൊലീസ് സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയാറാകുന്നില്ല. ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തെ വഴിയോര കടയുടെ മുൻപിൽ ബസ് നിർത്തിയെന്നാരോപിച്ച് നാട്ടുകാരും കച്ചവടക്കാരും ചേർന്ന് മർദിച്ചതാണ് ഒടുവിലത്തെ സംഭവം.
വട്ടവട എയ്ഡ് പോസ്റ്റിൽ നിന്നും എത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

