ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അഞ്ച് ലക്ഷത്തിലധികം വീടുകൾ യാഥാർഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ.
കൂടാതെ, ഒരു ലക്ഷത്തിലേറെ വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി തുടരുന്നു. മുൻഗണനാ ക്രമത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളും, ഭൂമിയില്ലാത്ത നിരവധി കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്.
ഇവരുടെ പ്രതീക്ഷകളെ തകർക്കുന്ന രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി. പദ്ധതി സംബന്ധിച്ച പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയതിങ്ങനെ:
‘അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്.
അതുറപ്പാന്‍ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്, 20 ലക്ഷത്തിലധികം പേര് സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളില്‍ ചാപ്പകുത്തണമെന്ന കേന്ദ്ര നിര്‍ദേശത്തെയും തള്ളിയാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്.
ബ്രാന്‍ഡിങ് ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് ലൈഫ് മിഷനെ അട്ടിമറിക്കാന്‍ ബിജെപിയും, കേന്ദ്ര സര്‍ക്കാരുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ തുടര്‍ച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നത്.’
കണക്കുകൾ നിരത്തിയും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്:
‘മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന് വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്.
ശേഷിക്കുന്ന 1,03,682 വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയര്‍ന്ന തുക ഏറ്റവുമധികം ആളുകള്‍ക്ക് നല്കിയതും കേരളമാണ്.
പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 6 ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നല്‍കുന്നത്. ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആര്‍ദ്ര കേരള മിഷന് എന്നിവ പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

