പുതിയ അധ്യയന വർഷത്തിലേക്ക് കേരളം കടക്കുമ്പോൾ, കുട്ടികളുടെ താൽപ്പര്യങ്ങൾക്കും അഭിരുചികൾക്കും അനുസൃതമായ വൈവിധ്യമാർന്ന പഠനോപകരണങ്ങളുമായി സ്കൂൾ വിപണി സജീവമായിക്കഴിഞ്ഞു. നോട്ട്ബുക്കുകൾ, ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, പാദരക്ഷകൾ തുടങ്ങിയവ ഉൾപ്പെടെ വിപുലമായ ശേഖരമാണ് വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്.
വിവിധ സൂപ്പർമാർക്കറ്റുകളും ഓൺലൈൻ വിപണികളും ആകർഷകമായ ഓഫറുകളുമായി ഇതിനകം വിപണിയിൽ സജീവമാണ്. ഇത്തവണത്തെ വിപണിയിലെ പ്രധാന ആകർഷണം ഡിജിറ്റൽ പെൻസിൽ ബോക്സുകളാണ്.
ഈ പെൻസിൽ ബോക്സുകളിൽ എഴുതാനും വരയ്ക്കാനും സാധിക്കും. എഴുതിയവ നീക്കം ചെയ്യാനുള്ള സൗകര്യവും ഇവയിലുണ്ട്.
150 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. സ്കൂൾ ബാഗുകളുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണുള്ളത്.
മാർവൽ സൂപ്പർ ഹീറോകളുടെയും ഡിസ്നി കഥാപാത്രങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകൾക്ക് കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 300 രൂപ മുതലാണ് ബാഗുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
മുതിർന്ന വിദ്യാർത്ഥികൾക്കായി ബ്രാൻഡഡ് ബാഗുകളും വിപണിയിലുണ്ട്, ഇവയുടെ വില 1500 രൂപ മുതൽ ആരംഭിക്കുന്നു. ഗുണമേന്മയും ഉറപ്പും മുൻനിർത്തി ബ്രാൻഡഡ് ഉൽപന്നങ്ങൾ തേടിയെത്തുന്നവരും ഏറെയാണ്.
മഴക്കാലം മുൻകൂട്ടി കണ്ട് വർണാഭമായ കുടകൾക്കും വലിയ ഡിമാൻഡാണുള്ളത്. കാർട്ടൂൺ കഥാപാത്രങ്ങളുള്ള കുടകൾക്ക് 250 രൂപ മുതലാണ് വില.
കൂടാതെ, ലഞ്ച് ബോക്സുകൾ 250 രൂപ മുതലും വാട്ടർ ബോട്ടിലുകൾ 100 രൂപ മുതലും ലഭ്യമാണ്. പെൻസിൽ ബോക്സുകൾ 30 രൂപ മുതലുള്ള നിരക്കിലും വിപണിയിലുണ്ട്.
അതേസമയം, സ്കൂളുകളിൽ നിന്നും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലെ തിരക്കും ചെറുകിട വ്യാപാരികളുടെ വിൽപനയെ ബാധിക്കുന്നുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
എങ്കിലും, അടുത്തയാഴ്ചയോടെ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

