സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ പ്രമാണിച്ച് വൻ വിപണനം. വ്യാഴാഴ്ച നടന്ന കച്ചവടത്തിൽ കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്.
സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്തിയിരുന്ന സ്ഥാനത്ത്, പെരുന്നാൾ കാലമായതോടെ 63 ലോഡുകൾ വരെ ചന്തയിലെത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കന്നുകാലികളെ എത്തിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർധിച്ചതോടെ, മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് വൻതോതിൽ കച്ചവടക്കാരും ആവശ്യക്കാരും ചന്തയിൽ എത്തിച്ചേർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച വ്യാപാരമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നതിനാൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും ക്രമീകരിച്ചിട്ടുണ്ട്. ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്.
3000 കിലോയിലധികം ഭാരമുള്ള മുറ ഇനത്തിൽപെട്ട ഈ പോത്തിനെ മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് എത്തിച്ചത്.
10 ലക്ഷം രൂപയാണ് ഉടമ വില നിശ്ചയിച്ചിരിക്കുന്നത്. 8 ലക്ഷം രൂപ വരെ കച്ചവടക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല.
ഭീമൻ പോത്തിനെ കാണാൻ നിരവധി പേരാണ് ചന്തയിൽ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

