കൊച്ചിയിലെ കുസാറ്റ് (CUSAT) ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതം തുടരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഓഡിറ്റോറിയത്തിൽ ഫാനുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിയായത്.
കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഓഡിറ്റോറിയത്തിലെത്തുന്നവർ വലിയ പ്രയാസമാണ് നേരിടുന്നത്. ഇന്നലെ ആരംഭിച്ച കുസാറ്റ് ചെസ് ടൂർണമെന്റിനെത്തിയവരാണ് ഈ അസൗകര്യം മൂലം ഏറെ ബുദ്ധിമുട്ടിയത്.
ടൂർണമെന്റിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും കുട്ടികളായതിനാൽ ചൂട് മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടുതൽ സങ്കീർണ്ണമായി. അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കുന്നതിനായി സംഘാടകർ പെഡസ്റ്റൽ ഫാനുകൾ സ്ഥാപിച്ചുവെങ്കിലും അവ കാര്യക്ഷമമായിരുന്നില്ല.
2023 നവംബർ 25ന് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടർന്ന് ഓഡിറ്റോറിയം അടച്ചിടുകയായിരുന്നു. തുടർന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ പ്രകാരം വൻ തുക ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
എന്നാൽ, നിർമ്മാണ ഘട്ടത്തിൽ ഫാനുകൾ സ്ഥാപിക്കുന്നത് അധികൃതർ ഗൗരവമായി പരിഗണിച്ചിരുന്നില്ല. പുറത്തുനിന്നു കൊണ്ടുവരുന്ന ഫാനുകൾ പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേക പ്ലഗ് പോയിന്റുകൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
തിരഞ്ഞെടുപ്പിന് മുൻപായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഓഡിറ്റോറിയത്തിലെ ഈ അപര്യാപ്തതകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

