ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ബിഹാറിനെ പ്രതിനിധീകരിക്കുന്ന ഒരു ഫ്രാഞ്ചൈസിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി വേദാന്ത ചെയർമാൻ അനിൽ അഗർവാൾ രംഗത്ത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
മറ്റ് പ്രധാന ടീമുകളെപ്പോലെ ബിഹാറിനും സ്വന്തമായി ഒരു ഫ്രാഞ്ചൈസി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാറിന്റെ കായിക പാരമ്പര്യത്തെയും സംസ്ഥാനത്തുനിന്നുള്ള പ്രതിഭകളെയും അദ്ദേഹം പ്രത്യേകമായി പരാമർശിച്ചു.
“പട്നയിൽ ജനിച്ച ഇഷാൻ കിഷൻ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ഇരട്ട സെഞ്ചറി നേടിയ താരമാണ്.
സമസ്തിപുരിൽ നിന്നുള്ള വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ഗോപാൽഗഞ്ചിലെ സാധാരണ കുടുംബത്തിൽ പിറന്ന സാകിബ് ഹുസൈനും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു,” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് മേഖലയിൽ ബിഹാറിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആശങ്കയും അനിൽ അഗർവാൾ പങ്കുവെച്ചു. സംസ്ഥാനത്തെ യുവതീയുവാക്കളുടെ കഴിവിനെ ശരിയായി പ്രോത്സാഹിപ്പിച്ചാൽ ബിഹാറിന് ലോകോത്തര നിലവാരമുള്ള ടീമായി മാറാൻ സാധിക്കുമെന്നും, ബിഹാർ ക്രിക്കറ്റ് അസോസിയേഷനും താരങ്ങൾക്കും തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
“ബിഹാറിലെ യുവാക്കൾക്ക് വിവിധ മേഖലകളിൽ കഴിവുതെളിയിക്കാൻ എല്ലാ പിന്തുണയും നൽകാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. മികച്ച പരിഗണനയും പ്രോത്സാഹനവും ഉറപ്പാക്കിയാൽ ബിഹാറിൽ നിന്നുള്ള ടീം ലോകത്തെ ഏറ്റവും ബെസ്റ്റ് ആകും” – അനിൽ അഗർവാൾ പറഞ്ഞു.
അനിൽ അഗർവാളിന്റെ ഈ പ്രസ്താവന കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ബിഹാർ ടീം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ ടീമിന്റെ നേതൃത്വം, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ ലഭ്യത, പരിശീലന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് കായിക ലോകം വിലയിരുത്തുന്നു.
ഇതിനിടെ, ഓഹരി വിപണിയിൽ വേദാന്ത ലിമിറ്റഡിന്റെ പ്രകടനം നേരിയ നേട്ടത്തോടെയായിരുന്നു. 329 രൂപയിലാണ് കമ്പനിയുടെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരസമയത്ത് 327 രൂപ മുതൽ 333.60 രൂപ വരെയായിരുന്നു ഓഹരി വിലയുടെ നിലവാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

