മൂന്നാറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത്തരം സംഭവങ്ങളിൽ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
നിയമനടപടികളിലേർപ്പെടുമ്പോഴുണ്ടാകുന്ന സമയനഷ്ടവും തുടർനടപടികളോടുള്ള മടിയും കാരണം ഭൂരിഭാഗം സഞ്ചാരികളും പരാതിപ്പെടാൻ തയ്യാറാകാത്തത് കുറ്റവാളികൾക്ക് വളമാകുന്നു. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെട്ട് എത്തുന്ന സഞ്ചാരികൾക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത് വിനോദസഞ്ചാര മേഖലയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾ പലപ്പോഴും ദുരനുഭവങ്ങൾ നേരിടുന്നത്.
വാഹന പാർക്കിങ്, വാഹനങ്ങൾ തമ്മിലുള്ള ഉരസൽ, ടാക്സി സേവനങ്ങളിലെ തർക്കങ്ങൾ, റോഡിൽ വഴി നൽകുന്നത് സംബന്ധിച്ച തർക്കങ്ങൾ തുടങ്ങിയവയാണ് സംഘർഷങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ഊബർ വാഹനത്തിൽ എത്തുന്ന വിദേശ സഞ്ചാരികളെപ്പോലും ഇറക്കിവിട്ട
സംഭവങ്ങൾ നേരത്തെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടെ, തമിഴ്നാടിന്റെ അധീനതയിലുള്ള ടോപ് സ്റ്റേഷനിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കാര്യക്ഷമമായ പൊലീസ് സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ടോപ് സ്റ്റേഷൻ, 130 കിലോമീറ്റർ ദൂരത്തുള്ള തമിഴ്നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. ദിവസവും പതിനായിരത്തിലധികം ആളുകൾ എത്തുന്ന ഇവിടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ നടപടികളെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തിന് നേരെ ടോപ് സ്റ്റേഷനിൽ ഉണ്ടായ ആക്രമണമാണ് ഒടുവിലത്തേത്. ബസ് വഴിയോര കടയുടെ മുന്നിൽ നിർത്തിയെന്നാരോപിച്ച് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികളെ മർദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വട്ടവട എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

