പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സന്ദർശകർക്ക് നേരെ പ്രാദേശികവാസികളിൽ നിന്നുണ്ടാകുന്ന അക്രമ സംഭവങ്ങൾ വർധിക്കുന്നത് മേഖലയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നു. ഇത്തരം ദുരനുഭവങ്ങൾ നേരിടുന്ന സഞ്ചാരികൾ മാനഹാനിയും സമയനഷ്ടവും ഭയന്ന് നിയമനടപടികളിൽ നിന്ന് പിന്മാറുന്നത് കുറ്റവാളികൾക്ക് കൂടുതൽ അവസരമൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടെത്തുന്ന സഞ്ചാരികൾക്ക് ഇത്തരം സാഹചര്യങ്ങൾ കൂടി നേരിടേണ്ടി വരുന്നത് ടൂറിസം മേഖലയുടെ ഭാവിക്ക് മങ്ങലേൽപ്പിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമാനമായ ആക്രമണങ്ങൾ അരങ്ങേറിയിട്ടുണ്ട്. വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് പ്രധാനമായും ദുരനുഭവങ്ങൾ ഉണ്ടാകുന്നത്.
വാഹനം പാർക്ക് ചെയ്യുന്നത്, വാഹനങ്ങൾ തമ്മിൽ ഉരസുന്നത്, ഊബർ ടാക്സികളുടെ ഉപയോഗം, ഗതാഗതത്തിനിടെ സൈഡ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ തുടങ്ങിയ നിസ്സാര കാരണങ്ങളാണ് സംഘർഷങ്ങളിലേക്ക് നയിക്കുന്നത്. ഊബർ വാഹനങ്ങളിൽ എത്തിയ വിദേശ സഞ്ചാരികളെ ഉൾപ്പെടെ ഇറക്കിവിട്ട
സംഭവങ്ങൾ ഇതിനകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അതിനിടെ, തമിഴ്നാടിന്റെ അധീനതയിലുള്ള ടോപ് സ്റ്റേഷനിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കാര്യക്ഷമമായ പോലീസ് സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ടോപ് സ്റ്റേഷൻ, തമിഴ്നാട്ടിലെ കൊരങ്ങണി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് വരുന്നത്. എന്നാൽ ഇവിടുന്ന് 130 കിലോമീറ്റർ അകലെയാണ് ഈ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ദിവസവും പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ടോപ് സ്റ്റേഷനിൽ സ്ഥിരമായ സുരക്ഷാ സംവിധാനം ഒരുക്കാൻ തമിഴ്നാട് സർക്കാർ തയ്യാറാകുന്നില്ല. ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തിന് നേരെ ഉണ്ടായ ആക്രമണമാണ് ഒടുവിലത്തേത്.
ബസ് വഴിയോര കടയ്ക്ക് മുൻപിൽ നിർത്തിയെന്നാരോപിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ നാട്ടുകാർ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് വട്ടവട
എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

