കടുത്തുരുത്തിയിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ഇറങ്ങാൻ അനുവദിക്കാതെ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ, ബസ് ജീവനക്കാർ ദമ്പതികളെ മർദിച്ചതായി പരാതി.
അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനി രജീഷ സജീവാണ് കടുത്തുരുത്തി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘ഗുഡ്വിൽ’ ബസിലെ ജീവനക്കാർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:15-ഓടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. രജീഷയും ഭർത്താവ് സജീവും മകളും കോട്ടയത്തുനിന്നാണ് ബസിൽ യാത്ര തിരിച്ചത്.
കടുത്തുരുത്തിയിൽ ബസ് നിർത്തിയ ഉടൻ, ബസിലെ ജീവനക്കാരൻ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കാനായി ബഹളംവച്ചെന്നു പരാതിയിൽ പറയുന്നു. കുട്ടി ഇറങ്ങാനുണ്ടെന്ന് സജീവും രജീഷയും അറിയിച്ചതിനെത്തുടർന്ന് കണ്ടക്ടറുമായി തർക്കം ഉടലെടുത്തു.
കുട്ടി ബസിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ, കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെയും, അവരെ തടയാൻ ശ്രമിച്ച രജീഷയെയും മർദിച്ചതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

