കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാർഥികൾ, തങ്ങൾക്ക് കൈത്താങ്ങായി നിന്ന മന്ത്രി ടി.
സിദ്ദീഖിന് വിഡിയോ കോളിലൂടെ സ്നേഹാശംസകൾ നേർന്നു. പുതിയ ഔദ്യോഗിക പദവിയിൽ എത്തിയ മന്ത്രിക്ക് തങ്ങളുടെ സന്തോഷവും ആദരവും അവർ നേരിട്ട് അറിയിച്ചു.
വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി നിരവധി വിദ്യാർഥികളാണ് വിഡിയോ കോളിൽ പങ്കെടുത്തത്. ‘ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്.
ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്’ എന്ന് വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞു.
വിദ്യാർഥികളുടെ വാക്കുകൾക്ക് മറുപടിയായി, ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ഈ കുട്ടികൾ സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് മന്ത്രി ടി.സിദ്ദീഖ് അഭിപ്രായപ്പെട്ടു. ‘എംഎൽഎ കെയർ’ പദ്ധതിയിലൂടെ 152 വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങാതെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയത്.
പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പഠനച്ചെലവുകൾ പൂർണമായും ഏറ്റെടുത്തത്. മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ ഈ വിദ്യാർഥികൾക്ക് തടസ്സമില്ലാതെ പഠനം തുടരാൻ ഇതിലൂടെ സാധിച്ചു.
പഠനം പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞുവെന്നും, നിലവിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജില്ലയിൽ 351 വിദ്യാർഥികളാണ് ‘എംഎൽഎ കെയർ’ പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസം നേടുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ പദ്ധതിയുടെ ഭാഗമായ 21 പേർക്ക് തൊഴിൽ ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

