ഇന്ത്യയിൽ നിന്നുള്ള പോത്തിറച്ചി കയറ്റുമതിയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും മായം കലർത്തുന്നത് കർശനമായി തടയുന്നതിനുമായി ആധുനിക ഡിഎൻഎ അധിഷ്ഠിത പിസിആർ (PCR) പരിശോധനാ രീതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ശാസ്ത്രീയമായ പുതിയ പരിശോധനാ മാനദണ്ഡങ്ങൾ രൂപീകരിക്കും.
പശുവിറച്ചി നിരോധനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ പശുവിറച്ചി കലർത്തുന്നുണ്ടോ എന്ന ആശങ്കയ്ക്ക് ശാസ്ത്രീയമായ പരിഹാരം കാണുകയാണ് ഈ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രോസസ് ചെയ്തതോ അല്ലെങ്കിൽ ചെറുതായി അരിഞ്ഞതോ ആയ മാംസം കാഴ്ചയിലൂടെ മാത്രം തിരിച്ചറിയാൻ പ്രയാസകരമായ സാഹചര്യത്തിൽ, അന്താരാഷ്ട്ര തലത്തിൽ മാംസത്തിന്റെ ഉറവിടം സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ/പിസിആർ പരിശോധനകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
നിലവിലുള്ള അന്താരാഷ്ട്ര ഐഎസ്ഒ (ISO) മാനദണ്ഡങ്ങളിൽ പോത്തിന്റെ ഡിഎൻഎ മാത്രം വേർതിരിച്ചറിയാനുള്ള സംവിധാനങ്ങളിലെ അപര്യാപ്തത പരിഹരിക്കുക എന്നതും ഇന്ത്യ സ്വന്തമായി പുതിയ ദേശീയ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി കയറ്റുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അതീവ പ്രാധാന്യമർഹിക്കുന്നു.
ഡിഎൻഎ അധിഷ്ഠിത പിസിആർ പരിശോധന എന്നത് ഭക്ഷണ പദാർഥങ്ങളിലെ ജനിതക ഘടന വിശകലനം ചെയ്ത് അവ ഏത് മൃഗത്തിന്റേതാണെന്ന് കൃത്യമായി കണ്ടെത്തുന്ന ഒരു ശാസ്ത്രീയ രീതിയാണ്. ഇതിനായി പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന ലബോറട്ടറി സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.
മാംസം പാകം ചെയ്തതോ ഉയർന്ന തോതിൽ പ്രോസസ് ചെയ്തതോ ആണെങ്കിൽ പോലും അവയിലെ ഡിഎൻഎ നശിക്കാതെ അവശേഷിക്കും എന്നതിനാൽ, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മായം ചേർക്കൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

