കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നു. സംഭവത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.
പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം നടന്നത്. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തുകയറിയ മോഷ്ടാവ്, സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ ഒരു മുറിയിൽ പൂട്ടിയിട്ട
ശേഷമാണ് മോഷണത്തിന് തുടക്കമിട്ടത്. പിക്കാസുമായി എത്തിയ പ്രതി, വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം അപഹരിക്കാൻ കഴിഞ്ഞില്ല. ശേഷം ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കൈക്കലാക്കി.
മോഷണത്തിനിടെ പിൻവശത്തെ ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരൻ, മുറിയുടെ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി പ്രതിയെ തടയാൻ ശ്രമിച്ചു.
തുടർന്നുണ്ടായ സംഘർഷത്തിനിടെ, “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” വൈഷ്ണവ് വെളിപ്പെടുത്തി. ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പ്രതി മതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന രണ്ട് ടോർച്ചുകൾ കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മോഷ്ടാവും സുരക്ഷാ ജീവനക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

