ശാസ്താംകോട്ടയിൽ കാൽനടയാത്രക്കാരായ രണ്ട് വനിതകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി.
ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
വൈകിട്ട് ആറുമണിയോടെ ശാസ്താംകോട്ട ജംക്ഷനിലായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാഫിക് ഐലൻഡിന്റെ ഭാഗത്തുനിന്നെത്തിയ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എതിരെ വന്ന പൊലീസ് സംഘം തങ്ങളുടെ ജീപ്പ് നിർത്തി രണ്ട് ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ച ശേഷം കാറിനെ പിന്തുടരുകയായിരുന്നു.
തുടർന്ന് കാർ പിടികൂടി. പരുക്കേറ്റ സുനിതയെയും അമ്പിളിയെയും ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്ക് പൊട്ടലേറ്റ സുനിതയെ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രനെ (69) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

