കൊല്ലം ജില്ലയിലെ വാളകം മേഖലയിൽ വ്യാപകമായി വാഴക്കുലകൾ മോഷ്ടിച്ചിരുന്ന രണ്ട് യുവാക്കളെ കുന്നിക്കോട് പോലീസ് പിടികൂടി. വാളകം സ്വദേശികളായ ഗോപകുമാർ, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗ്ലാവ് ജംഗ്ഷന് സമീപം താമസിക്കുന്ന ശിവശങ്കരൻ നായർ, വിജയമ്മ എന്നിവർ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തുനിന്നാണ് തുടർച്ചയായി വാഴക്കുലകൾ മോഷണം പോയത്. കഠിനാധ്വാനത്തിലൂടെ വളർത്തിയെടുത്ത വാഴകൾ മോഷണം പോയതോടെ കർഷകർ കുന്നിക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതിയിൽ പോലീസ് ഇൻസ്പെക്ടർ രാജകുമാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. പകൽ സമയങ്ങളിൽ ബൈക്കിലെത്തി അതിവേഗം വാഴക്കുലകൾ വെട്ടിമാറ്റി കടന്നുകളയുന്നതായിരുന്നു പ്രതികളുടെ രീതി.
മോഷണം നടക്കുന്നത് കണ്ട് വിജയമ്മ പ്രതികളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അന്ന് അവർ രക്ഷപ്പെട്ടിരുന്നു. ഓണവിപണി ലക്ഷ്യമാക്കി നിരവധി കർഷകർ വാഴകൃഷി നടത്തിയിരുന്ന പ്രദേശത്ത് ഇത്തരത്തിൽ മോഷണം പതിവായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
പ്രതികളെ പോലീസ് പിടികൂടിയതോടെ കർഷകർക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

