പൂച്ചാക്കൽ: മാർച്ച് ഏഴിന് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ അനിശ്ചിതത്വത്തിൽ തുടരുന്നു. പാലത്തിന്റെ ടാറിങ് ഉൾപ്പെടെയുള്ള നിർണായകമായ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ഭാഗികമായ ടാറിങ് മാത്രമാണ് നടന്നിട്ടുള്ളത്.
പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട ടാറിങ് പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു.
പാലത്തിലും പരിസരത്തും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് തുടരുന്നത്. കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും തുടർനടപടികളിൽ മന്ദത തുടരുകയാണ്.
പാലത്തിൽ നിർമാണ യന്ത്രങ്ങളും നിർമാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് കടുത്ത ഭീഷണിയാകുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും പാലത്തിൽ വ്യാപകമായി നടക്കുന്നുണ്ട്.
ഇതിന്റെ ഫലമായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും സമീപത്തെ കായലിലും നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതി ഉയരുന്നു.
ഗതാഗത സൗകര്യങ്ങളിലും കടുത്ത അനാസ്ഥ തുടരുകയാണ്. പാലം ഉദ്ഘാടന ദിവസം പെരുമ്പളത്തുനിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നെങ്കിലും പിന്നീട് സർവീസ് നിലച്ചു.
ടാറിങ് പൂർത്തിയായാൽ മാത്രമേ ബസ് സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

