വയനാട്ടിലെ തോട്ടങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ നശിച്ചുപോകുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിലെ വിപണികളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസേന ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെത്തുന്നത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്കയ്ക്ക് വലിയ ഡിമാൻഡാണ് നിലനിൽക്കുന്നത്. പഴുത്ത ചക്ക, ചുളയിരിഞ്ഞുവച്ചത്, പച്ചച്ചക്ക എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഇവിടെ ചക്ക ലഭ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാനായി എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. അഞ്ച് ചുളയ്ക്ക് 30 രൂപ നിരക്കിലാണ് വിപണനം.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ എന്ന നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിപണിയിൽ ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്.
കർണാടകയ്ക്ക് പുറമെ ഉത്തരേന്ത്യൻ വിപണികളിലേക്കും വയനാടൻ ചക്ക എത്തിക്കുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്.
വേനൽച്ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ഗതാഗതം ക്രമീകരിക്കുന്നത്. എല്ലാ വർഷവും വൻതോതിൽ ചക്ക വയനാട്ടിൽ നിന്ന് പുറത്തേക്ക് അയക്കുന്നുണ്ടെങ്കിലും, സംസ്കരണ സംവിധാനങ്ങളുടെ അഭാവം മൂലം വലിയൊരു ശതമാനം ചക്കയും തോട്ടങ്ങളിൽ കിടന്ന് നശിക്കുകയാണ്.
ജൈവ രീതിയിൽ കൃഷി ചെയ്യുന്ന മറ്റ് പഴവർഗങ്ങൾക്കും സമാനമായ ദുരവസ്ഥയാണുള്ളത്. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, കൃത്യമായ വിപണി കണ്ടെത്താനോ ആധുനിക സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനോ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി കർഷകർക്കിടയിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

