കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
മകൾ സോന പെട്രോൾ വാങ്ങിയെന്ന വിവരം പുറത്തുവന്നെങ്കിലും, അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് വസന്ത ഉറപ്പിച്ചു പറഞ്ഞു. ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ചതുകൊണ്ടാകാം സോന പെട്രോൾ വാങ്ങിയതെന്ന ശക്തമായ സംശയമാണ് അവർ ഉന്നയിക്കുന്നത്.
സംഭവം നടന്ന ദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, യാതൊരു പ്രശ്നവുമില്ലെന്ന് അറിയിച്ചിരുന്നതായും വസന്ത വ്യക്തമാക്കി. രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് മകൾ പറഞ്ഞിരുന്നു.
ഗർഭകാലത്തുള്ള ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ടു മാസം പാലേരിയിലെ സ്വന്തം വീട്ടിലായിരുന്നു സോന താമസിച്ചിരുന്നത്. വിദേശത്തുനിന്നും മടങ്ങിയെത്തിയ ശേഷം രജിൻ ലാൽ സോനയെ തിരികെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു.
തന്റെ മകന്റെ മേൽ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് രാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

