പൂച്ചാക്കൽ: ആയിരക്കണക്കിന് ആളുകളുടെ യാത്രാ സ്വപ്നമായ പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ അനിശ്ചിതത്വത്തിൽ തുടരുന്നു. കഴിഞ്ഞ മാർച്ച് 7-ന് പാലം ഉദ്ഘാടനം ചെയ്തെങ്കിലും, ടാറിങ് അടക്കമുള്ള നിർണായക പണികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
പാലം ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അധികൃതർ നൽകിയ ഉറപ്പാണ് ഇതോടെ പാഴ്വാക്കായിരിക്കുന്നത്. രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് പോലും പൂർണമായിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട
ടാറിങ് ആരംഭിക്കാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. കരാറുകാരുടെ വാദപ്രകാരം, അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് പണി തടസ്സപ്പെടാൻ കാരണമായി പറയുന്നത്.
നിർമാണ സാമഗ്രികളും യന്ത്രങ്ങളും പാലത്തിൽത്തന്നെ കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. പാലത്തിലെ സുരക്ഷാ സംവിധാനങ്ങളിലും കടുത്ത അനാസ്ഥ തുടരുകയാണ്.
പാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കെൽട്രോണിനെ കരാർ ഏൽപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. കൂടാതെ, പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും സജീവമാണ്.
ഇത് മാലിന്യം തള്ളുന്നതിനും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിക്കുന്നതിനും കാരണമാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത പെരുമ്പളത്തു നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസുകളും പിന്നീട് പുനരാരംഭിച്ചിട്ടില്ല.
ടാറിങ് പൂർത്തിയായാൽ മാത്രമേ ബസ് സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ ഔദ്യോഗിക നിലപാട്. അവധി ദിവസങ്ങളിൽ സന്ദർശകരുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

