തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് പർവേഷ് നാദിർ അലിയാണ് പിടിയിലായത്.
പൂജപ്പുരയിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ താമസകേന്ദ്രമായ അൻവർ ഗാർഡൻസിൽ അതിക്രമിച്ചു കയറി ഇയാൾ മോഷണം നടത്തിയിരുന്നു. ഇവിടെ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയായ റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്സിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
സംഭവത്തിൽ കഴിഞ്ഞ ഏപ്രിൽ 21-ന് റെയിൽവേ ഉദ്യോഗസ്ഥൻ പൂജപ്പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
തൃശ്ശൂരിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. കേരളത്തിന് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഇയാൾ മോഷണം ആസൂത്രണം ചെയ്തിരുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൂജപ്പുര പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

