പൂച്ചാക്കൽ: വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകർഷിക്കുന്ന പെരുമ്പളം പാലത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാർച്ച് 7നാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
പാലം ഉദ്ഘാടനം ചെയ്തതിനുശേഷം ടാറിങ് പ്രവൃത്തികൾ വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും നിർമാണം പൂർത്തിയാകാതെ അവതാളത്തിലായിരിക്കുകയാണ്.
നിലവിൽ പാലത്തിലും അപ്രോച്ച് റോഡുകളിലും ആദ്യഘട്ട ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
രണ്ടാം ഘട്ട ടാറിങ് ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാൽ നിർമാണപ്രവൃത്തികൾ പൂർണമായും നിലച്ച അവസ്ഥയിലാണ്.
പാലത്തിലും അപ്രോച്ച് റോഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി കെൽട്രോണിന് കരാർ നൽകിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, തുടർനടപടികൾ സ്വീകരിക്കുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും വ്യാപകമാണ്.
ഇതിനെത്തുടർന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്കും പാലത്തിലേക്കും വലിച്ചെറിയുന്നത് പതിവാകുന്നു. കൂടാതെ, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം വൈകാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം. അതേസമയം, നിർമാണ സാമഗ്രികളും റോഡ് നിർമാണ യന്ത്രങ്ങളും പാലത്തിൽ തന്നെ അലക്ഷ്യമായി കിടക്കുന്നത് രാത്രികാലങ്ങളിൽ ഗതാഗത അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
അതേസമയം, പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ പിന്നീട് നിലച്ചതും യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായതിനുശേഷം മാത്രമേ സർവീസ് പുനരാരംഭിക്കൂ എന്ന നിലപാടിലാണ് അധികൃതർ.
ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഈ പാലത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ അടിയന്തരമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

