തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിൽ കണ്ട് അഭിവാദ്യം ചെയ്തു. പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് ടി.കെ.ഗോവിന്ദൻ സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.
സഗൗരവമായാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും ഗോവിന്ദൻ അഭിവാദ്യം ചെയ്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.ഗോവിന്ദൻ നടത്തിയ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഭാര്യയോടൊപ്പം എത്തി കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു.
പാർട്ടി വിട്ട് എതിർ സ്ഥാനാർഥിയായി മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ഇതാദ്യമായാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് ടി.കെ.ഗോവിന്ദനെ പാർട്ടിയുമായി അകറ്റിയത്. 60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങിയത് സിപിഎം അണികളിലും നേതൃത്വത്തിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ടി.കെ.ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ എടുത്തു മാറ്റുകയും ചെയ്തു.
പോളിങ് സ്റ്റേഷനിൽ എത്തിയ ഗോവിന്ദനെതിരെ ഒരു സംഘം ആളുകൾ കൂവി വിളിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ.
ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് പ്രതികരിച്ചു. പിണറായി വിജയനും പാർട്ടിക്കുമെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച ടി.കെ.ഗോവിന്ദൻ, ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

