പൂച്ചാക്കൽ: നിർമാണം പൂർത്തിയാക്കി ഔദ്യോഗികമായി ഉദ്ഘാടനം നടത്തിയെങ്കിലും പെരുമ്പളം പാലത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ വ്യാപക പ്രതിഷേധം. മാർച്ച് 7-ന് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും സുപ്രധാനമായ പല നിർമാണ പ്രവർത്തനങ്ങളും ഇനിയും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ജോലികൾ വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് പോലും പൂർണതോതിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട
ടാറിങ് ആരംഭിക്കാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ സ്തംഭിച്ച അവസ്ഥയിലാണ്. പാലത്തിലും പരിസരപ്രദേശങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിലെ കാലതാമസവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കടുത്ത അലംഭാവമാണ് തുടരുന്നത്. ഇതിനിടെ പാലത്തിലെ അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചുവരികയാണ്.
ഇതിനെത്തുടർന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്കും പാലത്തിലേക്കും വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ പ്രഖ്യാപിക്കുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് ബസുകൾ സർവീസ് നടത്തിയിട്ടില്ല. ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസുകൾ പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് പണികൾ നിലയ്ക്കാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം. എന്നാൽ, പാലത്തിൽ റോഡ് നിർമാണ യന്ത്രങ്ങളും മെറ്റലുകൾ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

