തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചതായി നടി അൻസിബ ഹസൻ വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയാണ് താൻ മന്ത്രിയെ ബന്ധപ്പെട്ടതെന്നും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വിശദീകരിച്ചു.
സംഭവത്തെക്കുറിച്ച് അൻസിബ ഹസൻ പറയുന്നതിങ്ങനെ: “ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.” തന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നുവെന്നും നടി ആരോപിക്കുന്നു.
മന്ത്രിയുടെ ഇടപെടലിന് പിന്നാലെയും പ്രതികൾ വീഡിയോ പ്രചരിപ്പിച്ചത് പോലീസ് നടപടികളിലെ വീഴ്ച വ്യക്തമാക്കുന്നുവെന്ന് അൻസിബ ആരോപിച്ചു. പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് പകരം, പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും, സംഭവത്തെ കേവലം ഒരു മാനനഷ്ടക്കേസായി ചുരുക്കി പരാതി അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് തന്നിൽ നിന്ന് നിർബന്ധപൂർവ്വം മാപ്പെഴുതി വാങ്ങിയ സംഭവവും അവർ ഓർമ്മിപ്പിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നീക്കങ്ങളിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് അൻസിബ വ്യക്തമാക്കിയത് ഇങ്ങനെ: “കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ്ണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്.
നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

