കൊച്ചി: സംസ്ഥാനത്ത് മോഡലിംഗിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിലായി. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഈ സംഘത്തിന്റെ മുഖ്യ ആസൂത്രകനാണ് ശ്രീകുമാറെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ ഇതിനകം 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
മോഡലിംഗിന്റെ പേരിൽ വിദേശത്ത് പെൺവാണിഭം നടന്നിരുന്നതിന് നിർണായകമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വിദേശത്തേക്ക് ജോലിയും മറ്റും വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും, ഈ ദൃശ്യങ്ങൾ സിന്ധു സ്വന്തം ഫോണിൽ പകർത്തി പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചുനൽകി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് സിന്ധു വിലപേശൽ നടത്തിയിരുന്നതായി തെളിഞ്ഞു.
ഇതിന്റെ സ്ക്രീൻഷോട്ടുകളും ഇടപാടുകാരുമായുള്ള വാട്സാപ്പ് ചാറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളത്.
ഇതിൽ ഒന്നാം പ്രതി സിന്ധു ഉൾപ്പെടെ മൂന്നുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾ വിദേശത്താണെന്നും, ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പോലീസ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചതായും അഞ്ചാം പ്രതി വധഭീഷണി മുഴക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

