ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക് ചരിത്രത്തിൽ ആദ്യമായി ‘ലക്ഷംകോടിപതി’ (ട്രില്യണയർ) എന്ന പദവിയിലേക്ക് കുതിക്കുന്നു. മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ്എക്സ്, പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നതാണ് ഈ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്.
വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒകളിലൊന്നായി ഇത് മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. നിലവിൽ 67,600 കോടി ഡോളറാണ് മസ്കിന്റെ ആകെ ആസ്തി.
സ്പേസ്എക്സിന്റെ ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ മസ്കിന്റെ ആസ്തി 1.25 ലക്ഷം കോടി ഡോളർ മുതൽ 1.5 ലക്ഷം കോടി ഡോളർ വരെയായി ഉയരുമെന്നാണ് കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്നത്. സ്പേസ്എക്സിന്റെ മൂല്യം 1.25 ലക്ഷം കോടി ഡോളറായി കണക്കാക്കുമ്പോൾ, അതിന്റെ 85 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് മസ്കാണ് എന്നത് ശ്രദ്ധേയമാണ്.
ഐപിഒ രേഖകൾ പ്രകാരം സ്പേസ്എക്സിന്റെ വരുമാനത്തിലും ആസ്തിയിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,860 കോടി ഡോളർ വരുമാനവും 490 കോടി ഡോളർ നഷ്ടവും രേഖപ്പെടുത്തിയ കമ്പനി, നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ 470 കോടി ഡോളർ വരുമാനം നേടി.
റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ എന്നിവ ഉൾപ്പെടെ 10,200 കോടി ഡോളറിന്റെ ആസ്തിയും കമ്പനിക്കുണ്ട്. അതേസമയം, 6,000 കോടി ഡോളറിന്റെ വായ്പാ ബാധ്യതയും കമ്പനിയുടെ സാമ്പത്തിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പേസ്എക്സിൽ നിന്ന് പ്രതിവർഷം 54,080 ഡോളർ മാത്രമാണ് മസ്ക് ശമ്പളമായി സ്വീകരിക്കുന്നത്. ടെസ്ല, സ്പേസ്എക്സ് തുടങ്ങിയ കമ്പനികളിലെ ഓഹരി വിഹിതമാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം.
ഈ കമ്പനികളുടെ വിപണി മൂല്യം വർധിക്കുമ്പോൾ ഓഹരി ഉടമയെന്ന നിലയിൽ മസ്കിന്റെ ആസ്തിയിലും സ്വാഭാവിക വർധനയുണ്ടാകുന്നു. കഴിഞ്ഞ വർഷം 50,000 കോടി ഡോളർ ആസ്തി നേടുന്ന വ്യക്തിയെന്ന നേട്ടവും മസ്ക് സ്വന്തമാക്കിയിരുന്നു.
സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളും എഐ കമ്പനിയായ എക്സ്എഐയും സ്പേസ്എക്സിന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

