വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ നശിക്കുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസവും ടൺ കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
നിലവിൽ കർണാടകയിലെ വിപണികളിലെ പ്രധാന ആകർഷണം വയനാടൻ ചക്കയാണ്. പഴുത്തതും ചുളയിരിഞ്ഞുവച്ചതും പച്ചച്ചക്കയുമെല്ലാം ഇവിടെ സുലഭമായി ലഭിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ഒരു വലിയ ചക്ക മുറിച്ച് വിൽക്കുന്നതിലൂടെ കച്ചവടക്കാർക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
ഇടിചക്ക, പച്ചച്ചക്ക, പഴുത്തത് എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയാണ് ലോറികളിൽ ഇവ അയൽസംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിക്കുന്നത്. ഓരോ വർഷവും വൻതോതിൽ ചക്ക വയനാട്ടിൽനിന്നു പുറത്തേക്ക് കൊണ്ടുപോകുമ്പോഴും, ജില്ലയിൽ ഉൽപാദിപ്പിക്കുന്ന ചക്കയുടെ സിംഹഭാഗവും തോട്ടങ്ങളിൽ കിടന്നുതന്നെ ചീഞ്ഞുനശിക്കുന്ന സ്ഥിതിയാണുള്ളത്.
ജില്ലയിൽ ചക്ക മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. തികച്ചും ജൈവരീതിയിൽ വിളയുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്.
പഴവർഗ കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയ്ക്കാവശ്യമായ വിപണി കണ്ടെത്താനോ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനോ സാധിക്കുന്നില്ല എന്നത് വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

