ദുബായിലെ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിലൂടെ സ്വരൂപിച്ച സമ്പാദ്യം വിനിയോഗിച്ചാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ സ്വന്തമായി വീട് നിർമിച്ചത്. സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ച വർഷം തന്നെ വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു.
എന്നാൽ, ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നിർദിഷ്ട റെയിൽപ്പാതയുടെ അലൈൻമെന്റ് ഈ വീടിന്റെ ഒരു ഭാഗത്തുകൂടിയാണെന്ന വിവരം ഉമ്മൻ ജോണിന്റെ അമ്മ എലിസബത്ത് ജോൺ അറിയുന്നത്.
എം.ടി സെമിനാരി സ്കൂളിലെ വിരമിച്ച ഡപ്യൂട്ടി ഹെഡ്മിസ്ട്രസാണ് എലിസബത്ത്. പദ്ധതി നടപ്പിലായാൽ വീട് നഷ്ടപ്പെടുമെന്ന ആശങ്ക മകനെ അറിയിക്കാതെയാണ് എലിസബത്ത് സമരമുഖത്തിറങ്ങിയത്.
വിവരം അറിഞ്ഞ ഉമ്മൻ ജോൺ, പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും വരെ ഗൃഹപ്രവേശം വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് വർഷമായി പദ്ധതി മരവിപ്പിച്ചെങ്കിലും വീട് ഇനിയും തുറന്നിട്ടില്ല.
നിലവിൽ ഇത്യോപ്യയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ അടുത്ത വർഷം നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സിൽവർലൈൻ വിരുദ്ധ സമരപ്പന്തൽ 1490-ാം ദിവസവും പിന്നിട്ടു.
2022 ഏപ്രിൽ 20-നാണ് ഇവിടെ സ്ഥിരം സമരപ്പന്തൽ ആരംഭിച്ചത്. പദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചതോടെ സമരസമിതി പ്രവർത്തകർ ആശ്വാസത്തിലാണ്.
പന്തൽ പൊളിച്ചുമാറ്റുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം സമരക്കാർ പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാക്ക് പാലിച്ചതിൽ ഇവർ കൃതജ്ഞത രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമരസമിതി പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് ഇവരെ ആത്മവിശ്വാസത്തിലാക്കിയത്.
ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കുമെന്ന് സമിതി അറിയിച്ചു. നാളെ വൈകുന്നേരം 5 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ‘വിക്ടറി ഡേ’ ആഘോഷിക്കും.
സമരനായക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപ്പന്തൽ സ്ഥിതി ചെയ്യുന്നത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോസ്ലിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവം ഏറെ വിവാദമായിരുന്നു.
അന്ന് കരഞ്ഞുകൊണ്ട് ഓടിയ റോസ്ലിന്റെ മകൾ സോമിയ മെറിൻ ഫിലിപ്പ് (12) ഇന്നലെ സമരവേദിയിലെത്തി. ‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്..
മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്. അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’ എന്ന് സോമിയ പറഞ്ഞു.
ഇന്നലെ അമ്മയ്ക്കൊപ്പം സമരസ്ഥലത്തെത്തിയ സോമിയ, ആ പഴയ ദുരനുഭവത്തിന്റെ ഓർമയിൽ കണ്ണീരണഞ്ഞ അമ്മയെ ആശ്വസിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

