ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായ ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് വൻ മുന്നേറ്റം. നിർണ്ണായകമായ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ബി വി പി സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചു.
അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ എസ് യു ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷോക്കിൻ വിജയിച്ചു കയറി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എ ബി വി പിയുടെ യശ് ദബാസ്, എതിരാളിയായ എൻ എസ് യു ഐ സ്ഥാനാർത്ഥി വിജയ് ശങ്കർ മീണയെ 2053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
സെക്രട്ടറി സ്ഥാനത്തേക്ക് റിയ ചാവ്ഡിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലക്ഷയ് രാജ് സിംഗും വിജയം സ്വന്തമാക്കി. ഇതോടെ എൻ എസ് യു ഐക്കും ഐസ, എസ് എഫ് ഐ തുടങ്ങിയ ഇടതു സംഘടനകളുടെ സഖ്യത്തിനും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
പി ജി ഹോസ്റ്റൽ കെട്ടിടം തകർന്നു വീണത് അടക്കമുള്ള വിഷയങ്ങൾ പ്രചാരണ കാലയളവിൽ മുഖ്യ ചർച്ചാ വിഷയങ്ങളായിരുന്നു. ആദ്യഘട്ട
വോട്ടെണ്ണലിൽ എൻ എസ് യു ഐ സ്ഥാനാർത്ഥി മുന്നിലായിരുന്നെങ്കിലും, അവസാന റൗണ്ടുകളിൽ എ ബി വി പി വോട്ടുകൾ മറിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ വോട്ടെണ്ണൽ തൽക്കാലം നിർത്തിവെച്ച് സർവകലാശാല അധികൃതർ എ ബി വി പിയെ സഹായിച്ചെന്ന് എൻ എസ് യു ഐ അധ്യക്ഷൻ വിനോദ് ജാക്കർ ഗുരുതര ആരോപണം ഉന്നയിച്ചു.
ദേശീയ തലസ്ഥാനത്തെ ഈ വിജയം വലിയ ആവേശത്തോടെയാണ് ബി ജെ പി ക്യാമ്പ് ഏറ്റെടുത്തിരിക്കുന്നത്. യുവാക്കൾ വികസിത ഇന്ത്യയ്ക്കായും ക്രിയാത്മക രാഷ്ട്രീയത്തിനുമായി വോട്ടു ചെയ്തുവെന്നും, ജനങ്ങൾ മോദിയിൽ നിന്ന് അകന്നു എന്ന കള്ളപ്രചാരണത്തിനുള്ള ശക്തമായ മറുപടിയാണിതെന്നും ബി ജെ പി അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു.
ദില്ലിയിലെ മുൻ പ്രതിഷേധങ്ങൾക്ക് ശേഷം പുറത്തുവന്ന ഈ ഫലം കേന്ദ്രസർക്കാരിനും വലിയ രാഷ്ട്രീയ ആശ്വാസമായിട്ടുണ്ട്. ക്യാമ്പസിൽ പ്രതിഷേധം ശക്തം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർവ്വകലാശാലയ്ക്ക് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വൻ പ്രതിഷേധവും സംഘർഷവുമാണ് അരങ്ങേറിയത്.
വോട്ടെണ്ണലിൽ അട്ടിമറി നടത്തിയെന്നും എ ബി വി പിക്ക് വേണ്ടി സർവകലാശാല ഒത്തുകളിച്ചെന്നും ആരോപിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിശേഷ് യാദവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചു. അട്ടിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കാൻ ശ്രമിച്ചത് വലിയ ഉന്തും തള്ളിനും സംഘർഷത്തിനും വഴിവെച്ചു.
ഹൈക്കോടതി വിലക്കുള്ളതിനാൽ വോട്ടെണ്ണലിനു ശേഷം എ ബി വി പിയുടെ ഭാഗത്തുനിന്ന് പരസ്യമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. സർവ്വകലാശാലയ്ക്ക് മുന്നിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥി സംഘടനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

