കൊട്ടാരക്കരയിൽ ചേർന്ന സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങളെച്ചൊല്ലി കടുത്ത തർക്കവും പ്രതിഷേധവും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുൻനിർത്തി സംസ്ഥാന നേതൃത്വത്തെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കാൻ നേതൃത്വം അനുമതി നിഷേധിച്ചതാണ് യോഗത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ.ബാലഗോപാൽ എംഎൽഎ, സംസ്ഥാനകമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനും എതിരെ വിമർശനങ്ങൾ ഉയർന്ന ഘട്ടത്തിൽ, ഇത്തരം വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യാൻ അനുവാദമില്ലെന്നും ഏരിയ കമ്മിറ്റികളിൽ മാത്രം ചർച്ച ചെയ്താൽ മതിയെന്നും ജോർജ് മാത്യു കർശന നിലപാട് സ്വീകരിച്ചു.
സംഘടനാ വിഷയങ്ങൾ സംസ്ഥാനത്ത് ഉടനീളം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും താഴേത്തട്ടിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സിപിഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കരീപ്ര അജയകുമാർ വാദിച്ചു. ജോർജ് മാത്യു നിലപാടിൽ ഉറച്ചുനിന്നതോടെ, ഏരിയ കമ്മിറ്റി അംഗമല്ലാത്ത താൻ എവിടെ കാര്യങ്ങൾ പറയുമെന്ന് ചോദിച്ച അജയകുമാർ, “ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ്” യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
അദ്ദേഹത്തെ പിന്തുണച്ച് മറ്റ് രണ്ട് അംഗങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രതിഷേധത്തെ തുടർന്ന് യോഗം അലസിപ്പിരിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

