തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമാക്കി നടപ്പിലാക്കിയ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയിൽ ഗുരുതരമായ വീഴ്ച. നൂറു ശതമാനം സബ്സിഡി നിരക്കിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി, മതിയായ ബോധവൽക്കരണത്തിന്റെ അഭാവത്തിൽ പരാജയത്തിലേക്ക് നീങ്ങുകയാണ്.
പഞ്ചായത്തുകൾ വൻതുക ചെലവഴിച്ച് വാങ്ങിയ കപ്പുകൾ വിതരണം നടത്താനാകാതെ കാലാവധി കഴിഞ്ഞ് നശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരം വിതരണം നടത്താൻ എത്തിച്ച കപ്പുകൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു.
വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവിട്ട് 1150 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയെങ്കിലും, 205 എണ്ണം മാത്രമാണ് ഗുണഭോക്താക്കളിൽ എത്തിയത്.
ബാക്കി 945 കപ്പുകൾ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ മെയിൻ ഹെൽത്ത് സെന്ററിലും ഉപകേന്ദ്രങ്ങളിലുമായി കെട്ടിക്കിടക്കുകയാണ്.
പന്തളം തെക്കേക്കര പഞ്ചായത്താകട്ടെ ഗുണഭോക്താക്കളെ മുൻകൂട്ടി നിശ്ചയിക്കാതെ ഒരു ലക്ഷം രൂപ ചെലവിൽ 333 കപ്പുകൾ വാങ്ങിയെങ്കിലും, ഒരെണ്ണം പോലും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. സമാനമായ പ്രതിസന്ധി മറ്റു പഞ്ചായത്തുകളിലും പ്രകടമാണ്.
കോന്നി പഞ്ചായത്തിൽ 52 കപ്പുകൾ വിതരണത്തിനായി ബാക്കിയുണ്ട്. കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപ ചെലവിൽ വാങ്ങിയ 985 കപ്പുകളിൽ 23 എണ്ണം മാത്രമാണ് 80 പേരടങ്ങുന്ന ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് നൽകാനായത്.
ശേഷിക്കുന്ന 57 എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുറ്റൂർ പഞ്ചായത്തിലാകട്ടെ, 4.26 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണവും വിതരണം ചെയ്യാനായിട്ടില്ല.
സാനിറ്ററി പാഡുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹാർദവും സുരക്ഷിതവുമായ മെൻസ്ട്രൽ കപ്പുകളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ അവബോധം നൽകുന്നതിൽ അധികൃതർ പൂർണമായും പരാജയപ്പെട്ടു. ആശാ പ്രവർത്തകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെയുള്ള ബോധവൽക്കരണ പരിപാടികൾ ഇല്ലാത്തതാണ് ഈ പദ്ധതിയെ പരാജയത്തിലേക്ക് നയിച്ചത്.
പൊതുമുതൽ ഇത്തരത്തിൽ പാഴാകുന്നത് ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

