എറണാകുളം ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ദ്രുതഗതിയിലാക്കാൻ സർക്കാർ പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകി. പദ്ധതികളുടെ ഏകോപനവും മേൽനോട്ടവും നിർവഹിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ അധ്യക്ഷനായ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമായ എറണാകുളത്തിന് വികസന കാര്യത്തിൽ പ്രത്യേക മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
‘‘തുറമുഖങ്ങളെയും തീരദേശ പാതകളെയും വികസിപ്പിച്ചു കേരളത്തെ വമ്പൻ തുറമുഖ നഗരമാക്കി മാറ്റും’’ എന്ന് തന്റെ ‘പുതുയുഗ’ യാത്രയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീരദേശ ചരക്കു ഗതാഗതം നടപ്പിലാക്കുന്നതിലൂടെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ഇതിനു പുറമെ സീപ്ലെയ്ൻ, ക്രൂസ് പദ്ധതികൾക്കും മുൻഗണന നൽകാൻ തീരുമാനമായിട്ടുണ്ട്. ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്ക് പുനരുജ്ജീവിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
‘‘യുവജനങ്ങൾക്കു തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ, പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ തടസ്സങ്ങൾ ഉന്നയിച്ചു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും തരം മാറ്റുന്നതിനും ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യും’’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിറവം എക്സൈസ് കടവ് പാലം, തിരുവാങ്കുളം ബൈപാസ്, മുത്തോലപുരം പഴം-പച്ചക്കറി സംഭരണശാല എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം പൂർത്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകുമെന്ന് മന്ത്രി റോജി എം.ജോൺ വ്യക്തമാക്കി.
‘‘ആദ്യം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും’’ എന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലി – കുണ്ടന്നൂർ ബൈപാസ്, എയ്റോ സിറ്റി, നഗര സൗന്ദര്യവൽക്കരണം എന്നിവയും സർക്കാരിന്റെ പരിഗണനയിലുണ്ട്.
മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സീപോർട്ട് – എയർപോർട്ട് റോഡ്, 190 എംഎൽഡി ശുദ്ധജല വിപുലീകരണ പദ്ധതി എന്നിവ മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് വികസനം, കൊച്ചിൻ കാൻസർ സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ, സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കൽ എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യങ്ങൾ. ‘‘ഈ പദ്ധതികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ വേഗത്തിലാക്കും’’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

