ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശിയായ മുത്തു (75) ആണ് അന്തരിച്ചത്. മകൻ സുനിൽ (35) നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. സഹോദരിയെ പിതാവ് ശാസിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ മകൻ സുനിൽ കൈക്കോട്ട് ഉപയോഗിച്ച് മുത്തുവിനെ വെട്ടുകയായിരുന്നുവെന്ന് ആലത്തൂർ പൊലീസ് അറിയിച്ചു. ഗുരുതരമായ പരിക്കുകളോടെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തുവിനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത ആലത്തൂർ പൊലീസ്, സുനിലിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ദൈവാനിയാണ് പരേതനായ മുത്തുവിന്റെ ഭാര്യ.
സുമിത, സുനിൽ, സുചിത്ര എന്നിവർ മക്കളും, സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളുമാണ്. മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളും, കണ്ടൻ, മണിയൻ എന്നിവർ പരേതരായ സഹോദരങ്ങളുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

