പുതിയ അധ്യയന വർഷാരംഭത്തിന് ഒന്നരയാഴ്ച മാത്രം ശേഷിക്കെ, സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തക വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നു. നിലവിൽ പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാത്രമാണ് പൂർണമായി വിതരണം ചെയ്യാൻ സാധിച്ചത്.
പല ജില്ലകളിലും പുസ്തകങ്ങൾ എത്തിച്ചേർന്നെങ്കിലും, ഭൂരിഭാഗം ഹൈസ്കൂളുകളിലും വിതരണ നടപടികൾ ഇനിയും ആരംഭിക്കാനായിട്ടില്ല. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം കാര്യമായി വൈകുമെന്നാണ് അധ്യാപകരുടെ ആശങ്ക.
സംസ്ഥാനത്ത് ആകെ 3,57,05,475 പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. ഈ മാസം 18 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 2,85,51,000 പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായത്.
കൂടാതെ, 1.08 കോടിയോളം പുസ്തകങ്ങളുടെ ബൈൻഡിങ് ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. നിലവിലെ സാഹചര്യത്തിൽ യന്ത്രങ്ങൾ തകരാറില്ലാതെ പ്രവർത്തിച്ചാൽ പോലും ഒരു ദിവസം പരമാവധി 3 ലക്ഷം പുസ്തകങ്ങൾ മാത്രമേ അച്ചടിക്കാൻ സാധിക്കൂ.
ഇതേ വേഗതയിൽ മുന്നോട്ട് പോയാൽ വിതരണം പൂർത്തിയാക്കാൻ 45 ദിവസത്തോളം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അച്ചടി നടപടികൾ വൈകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
കെബിപിഎസ് മാനേജ്മെന്റ് തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾക്ക് നൽകാനുള്ള കുടിശ്ശികയെക്കുറിച്ച് സർക്കാരിനെ യഥാസമയം അറിയിച്ചില്ലെന്നും ആരോപണമുണ്ട്. പേപ്പർ ലഭ്യതയുമായി ബന്ധപ്പെട്ട
തർക്കങ്ങൾ ഉയർന്നതിനെത്തുടർന്ന് ഏഴ് കോടി രൂപ അടിയന്തരമായി മില്ലുകൾക്ക് അനുവദിക്കുകയായിരുന്നു. കെബിപിഎസിന് നിലവിൽ 300 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു.
പ്രതിസന്ധികൾക്കിടയിലും, അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി പാഠപുസ്തക വിതരണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെബിപിഎസ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

