ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. 221 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ, കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. ലക്നൗ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനായി ക്യാപ്റ്റൻ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും മികച്ച തുടക്കമാണ് നൽകിയത്.
പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 71 റൺസ് അടിച്ചുകൂട്ടിയ ഇരുവരും ടീമിന് കരുത്തുപകർന്നു. 23 പന്തിൽ 43 റൺസ് നേടിയ ജയ്സ്വാളിനെ ആകാശ് സിംഗ് പുറത്താക്കിയെങ്കിലും, മറുവശത്ത് വൈഭവ് സൂര്യവംശി തന്റെ ബാറ്റിംഗ് താണ്ഡവം തുടരുകയായിരുന്നു.
38 പന്തിൽ 10 സിക്സറുകളും ഏഴ് ഫോറും സഹിതം 93 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒൻപതാം ഓവറിൽ ആകാശ് സിംഗിനെ കടന്നാക്രമിച്ച വൈഭവ്, 23 പന്തിൽ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി.
ധ്രുവ് ജൂരെൽ (38 പന്തിൽ 53*) പുറത്താകാതെ നിന്ന് മികച്ച രീതിയിൽ ഫിനിഷ് ചെയ്തപ്പോൾ, ലുയാൻ-ഡ്രെ പ്രിറ്റോറിയസ് (7) റണ്ണൗട്ടായി മടങ്ങി. ഡൊണോവൻ ഫെരേര (16*) കൂടെ ചേർന്നതോടെ രാജസ്ഥാൻ അനായാസം വിജയം കൈവരിച്ചു.
നേരത്തെ ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിരുന്നു. ജോഷ് ഇംഗ്ലിസ് 29 പന്തിൽ 60 റൺസും മിച്ചൽ മാർഷ് 96 റൺസും നേടി.
ലക്നൗവിന്റെ ഇന്നിംഗ്സിനിടെ ജോഫ്ര ആർച്ചറുടെ ബൗളിംഗ് പ്രകടനം നിർണ്ണായകമായി. 18-ാം ഓവറിൽ 200 കടന്ന ലക്നൗവിന് അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ നഷ്ടമായി.
റിഷഭ് പന്ത് (35), മിച്ചൽ മാർഷ്, ആയുഷ് ബദോനി എന്നിവർ അവസാന ഓവറുകളിൽ പുറത്തായി. രാജസ്ഥാന് വേണ്ടി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

