ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ നരേൻ ധറിനെ (38) ആണ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ, പഴയ വിസ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഡാറ്റാ എൻട്രി റൂമിനോട് ചേർന്നുള്ള ബാത്ത്റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും നരേൻ ധറിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ ചിറ്റഗോങ്ങ് മെട്രോപൊളിറ്റൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് കമ്മീഷണർ ഹസൻ മുഹമ്മദ് ഷൗക്കത്ത് അലി നൽകുന്ന വിവരമനുസരിച്ച്, പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ സംശയകരമായ പാടുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ല.
തുടർനടപടികൾക്കായി മൃതദേഹം ചിറ്റഗോങ്ങ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
നരേൻ ധറിന്റെ മരണവിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും ഹൈക്കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നോക്കിക്കാണുന്നത്.
സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം പ്രത്യേക അന്വേഷണവും നടത്തുമെന്നാണ് വിവരം. ചിറ്റഗോങ്ങിന് പുറമെ ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് ബംഗ്ലാദേശിൽ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

