സംസ്ഥാനത്തെ കായിക താരങ്ങൾക്കുള്ള വിതരണം വൈകിയതിനെ തുടർന്ന് വിവാദങ്ങൾക്കടി വഴങ്ങി ഒടുവിൽ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന മത്സര ഉപകരണങ്ങൾ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കായിക ഉപകരണങ്ങളാണ് യാതൊരുവിധ വിതരണവുമില്ലാതെ സ്റ്റോറിൽ കുന്നുകൂട്ടിയിട്ടിരുന്നത്.
കൗൺസിലിന്റെ ഈ നടപടി വലിയ തോതിൽ ചർച്ചയായതിനെ തുടർന്നാണ് വിവിധ ജില്ലകളിലേക്ക് ഇവ അയക്കാനുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് നിന്നും സാധനങ്ങൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുൻപ് ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിലാണ് അർഹരായവർക്ക് നൽകാതെ സാധനങ്ങൾ ഗോഡൗണിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങൾക്ക് ആവശ്യത്തിന് ട്രാക്ക് സ്യൂട്ട് പോലും ലഭിക്കാത്ത സാഹചര്യം മുൻപ് വലിയ വാർത്തയായിരുന്നു.
ഔദ്യോഗികമായ ട്രാക്ക് സ്യൂട്ട് പോലുമില്ലാതെയാണ് കേരളത്തിലെ താരങ്ങൾ ദേശീയ മത്സര വേദികളിൽ ഇറങ്ങിയത്. എന്നാൽ ഇതിനിടെയാണ് സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ യാതൊരു ഉപയോഗവുമില്ലാതെ തുരുമ്പെടുക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്.
നിലവിൽ കേരളത്തിലെ 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1941 കായിക താരങ്ങളാണ് പരിശീലനം നേടുന്നത്. എന്നാൽ ഈ വിദ്യാർത്ഥികൾക്കുള്ള കിറ്റുകളും മറ്റ് അടിയന്തര സാധനങ്ങളും വിതരണം ചെയ്തിട്ട് വർഷങ്ങളായി എന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

