സ്മാർട്ട് കണ്ണട വിപണിയിൽ പുതിയ വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിളും സാംസങ്ങും ഒന്നിക്കുന്നു.
ഗൂഗിൾ ഐ/ഒ 2026 വേദിയിലാണ് ആൻഡ്രോയിഡ് എക്സ്ആർ (Android XR) സ്മാർട്ട് ഗ്ലാസുകളുടെ ആദ്യരൂപം കമ്പനി അവതരിപ്പിച്ചത്. ദക്ഷിണ കൊറിയയിലെ പ്രമുഖ ബ്രാൻഡായ ജെന്റിൽ മോൺസ്റ്റർ, അമേരിക്കൻ വിപണിയിലെ ജനപ്രിയ ബ്രാൻഡായ വാർബി പാർക്കർ എന്നിവയുമായി സഹകരിച്ചാണ് ഈ സ്മാർട്ട് കണ്ണടകൾ വികസിപ്പിച്ചിരിക്കുന്നത്.
സാംസങ് ഹാർഡ്വെയർ എൻജിനീയറിംഗിന്റെ ചുമതല നിർവഹിക്കുമ്പോൾ, ഗൂഗിളിന്റെ ജെമിനി (Gemini) എഐ സാങ്കേതികവിദ്യയാണ് ഈ ഉപകരണങ്ങൾക്ക് കരുത്ത് പകരുന്നത്. നിലവിൽ രണ്ട് മോഡലുകൾ മാത്രമാണ് പ്രദർശിപ്പിച്ചതെങ്കിലും, വരും മാസങ്ങളിൽ കൂടുതൽ പതിപ്പുകൾ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഉൽപ്പന്നത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹാൻഡ്സ്-ഫ്രീ കോളിങ്, ടെക്സ്റ്റിങ്, ജെമിനി വഴിയുള്ള സന്ദേശങ്ങളുടെ സംഗ്രഹം, തത്സമയ നാവിഗേഷൻ, വോയിസ് കൺട്രോൾ, തത്സമയ ഭാഷാ വിവർത്തനം, ഫോട്ടോ-വീഡിയോ ക്യാപ്ചറിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ സ്മാർട്ട് കണ്ണടകളിലുണ്ട്.
ഉപയോക്താക്കൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും റിവ്യൂകളും തത്സമയം ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അതേസമയം, ഈ സാങ്കേതികവിദ്യ ഉയർത്തുന്ന സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളും ചർച്ചയാകുന്നുണ്ട്.
സാധാരണ കണ്ണടകൾക്ക് സമാനമായ രൂപകല്പനയായതിനാൽ, അനുവാദമില്ലാതെ ഫോട്ടോകളും വീഡിയോകളും പകർത്താൻ സാധ്യതയുണ്ടെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സമാനമായ ഉൽപ്പന്നങ്ങൾ മുൻപ് പല സ്ഥലങ്ങളിലും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഗൂഗിൾ അവതരിപ്പിച്ച സ്മാർട്ട് കണ്ണടകളിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലുള്ള എൽഇഡി ഇൻഡിക്കേറ്ററുകൾ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇത്തരം സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ എളുപ്പമാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

