പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം റോമിലെത്തിയത്.
റോം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തുന്ന ഉന്നതതല കൂടിക്കാഴ്ചയാണ് ഈ സന്ദർശനത്തിലെ പ്രധാന അജണ്ട. ‘ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ’ ശക്തിപ്പെടുത്തുന്നതിനും 2025-2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മപദ്ധതി അവലോകനം ചെയ്യുന്നതിനും ഇരു നേതാക്കളും ചർച്ചകൾ നടത്തും.
പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും 2029-ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇതിനുപുറമെ, റോം ആസ്ഥാനമായുള്ള യു.എൻ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും. വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് പ്രമുഖരുമായി അദ്ദേഹം സംവദിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഒരു പുതിയ ‘ഇന്തോ-മെഡിറ്ററേനിയൻ’ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളരുകയാണെന്ന് പ്രധാനമന്ത്രി മോദിയും ജോർജിയ മെലോനിയും സംയുക്തമായി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

