തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്എൽഎൽ) വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി. പേരൂർക്കട
ഫാക്ടറിയിലെ സർഗം ഹാളിൽ നടന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നാണയത്തിന്റെ പ്രകാശനം നിർവഹിച്ചു. രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ എച്ച്എൽഎൽ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ച സെക്രട്ടറി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളുമായി ആറ് പതിറ്റാണ്ടിന്റെ ജനസേവനം പൂർത്തിയാക്കുമ്പോൾ, ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്തവും ഇരട്ടിയാകുകയാണെന്ന് എച്ച്എൽഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി പറഞ്ഞു.
എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിങ്), പി.
രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടി ആൻഡ് ഒ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ഹൈദരാബാദിലെ ഇന്ത്യ ഗവൺമെന്റ് മിന്റാണ് സ്മരണിക നാണയങ്ങളും അനുബന്ധ ഫ്രെയിമുകളും നിർമ്മിച്ചത്.
ചടങ്ങിൽ ഐഐടി മദ്രാസുമായി സഹകരിച്ചുള്ള ‘ഹെൽത്ത് ഇന്നൊവേഷൻ ട്രാൻസ്ലേഷൻ സ്കെയിൽ-അപ്പ് സെന്റർ’, ‘എച്ച്എൽഎൽ പരിവർത്തൻ – വെൽനസ് ക്ലിനിക്’ എന്നീ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇതിനുപുറമെ, ‘സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട്’, പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനായ ‘എച്ച്എൽഎൽ ഹാപ്പി ഡേയ്സ് – എർത്ത്’, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ബ്രാൻഡായ ‘എച്ച്എൽഎൽ വാട്ടർ’ എന്നീ ഉൽപ്പന്നങ്ങളും വിപണിയിലെത്തിച്ചു.
ആരോഗ്യമേഖലയിലെ സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഐഐടി ബോംബെയുമായി എച്ച്എൽഎൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

