ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ ചരിത്രം കുറിച്ച് രാജസ്ഥാൻ റോയൽസിൻ്റെ 15 വയസ്സുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് മറികടന്നാണ് വൈഭവ് പുതിയ നേട്ടത്തിന് ഉടമയായത്.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിന് ഇറങ്ങുമ്പോൾ അഭിഷേക് ശർമ്മയുടെ 42 സിക്സുകൾ എന്ന റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്സറുകൾ കൂടി മതിയായിരുന്നു.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ലുങ്കി എന്ഗിഡിയെ സിക്സർ പായിച്ച് വൈഭവ് തൻ്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി. പിന്നാലെ മിച്ചൽ സ്റ്റാർക്കിനെയും സിക്സർ പായിച്ച താരം അഭിഷേകിന്റെ റെക്കോർഡിനൊപ്പമെത്തി.
അഞ്ചാം ഓവറിലെ അവസാന പന്തിൽ തൃപുരാന വിജയ്യെ സിക്സറിന് പറത്തിയാണ് വൈഭവ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 2024 സീസണിൽ 16 മത്സരങ്ങളിൽ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സുകൾ നേടിയതെങ്കിൽ, ഈ നേട്ടം കൈവരിക്കാൻ വൈഭവിന് വേണ്ടിവന്നത് വെറും 12 മത്സരങ്ങൾ മാത്രമാണ്.
39 സിക്സുകൾ നേടിയ ശ്രേയസ് അയ്യർ പട്ടികയിൽ മൂന്നാമതുണ്ട്. വിരാട് കോലി (2016, 2024), സൂര്യകുമാർ യാദവ് (2025) എന്നിവർ 38 സിക്സുകൾ വീതം നേടി നാലാം സ്ഥാനത്ത് നിൽക്കുന്നു.
ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് ഇപ്പോഴും ക്രിസ് ഗെയ്ലിന്റെ പേരിലാണ് (59 സിക്സുകൾ, 2012). ആന്ദ്രെ റസൽ (52), ക്രിസ് ഗെയ്ൽ (51), ജോസ് ബട്ലർ (45), ക്രിസ് ഗെയ്ൽ (44) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
നിലവിൽ 43 സിക്സുകളുമായി വൈഭവ് സൂര്യവംശി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും സിക്സ് വേട്ടക്കാരിൽ ആറാം സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസിന് ലീഗ് ഘട്ടത്തിൽ ഇനിയും രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ ഗെയ്ലിന്റെ റെക്കോർഡ് മറികടക്കാൻ വൈഭവിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

