ദേശീയപാത അതോറിറ്റിക്കെതിരായി ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രംഗത്ത്. നിലവിലുള്ള വിമർശനങ്ങൾ തികഞ്ഞ “എസ്കേപിസം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തൃശൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ ചെയ്തത് വലിയ അപരാധമാണെന്നും, സംഭവത്തിൽ പരസ്പരം പഴിചാരുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചതായും കേന്ദ്രസഹമന്ത്രി അറിയിച്ചു.
ദേശീയപാതകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ കർശന പരിശോധനകൾ ഉണ്ടാകും. ഗതാഗത നിയമലംഘനങ്ങൾക്ക് 25,000 മുതൽ 50,000 വരെ പിഴ ഈടാക്കട്ടെ എന്നാണ് തീരുമാനമെന്നും, ഇതിന് അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഹൈവേകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ ഇനി കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തെ ദേശീയപാതകളിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ റോഡ് സുരക്ഷ ശക്തമാക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ പൂർണമായി ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ വ്യക്തമാക്കി. ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങളും നാലുവരി പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയതും കണക്കിലെടുത്താണ് സുരക്ഷാ നടപടികൾ കർശനമാക്കുന്നത്.
ദേശീയപാതയോരങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇടിച്ചാണ് സമീപകാലത്ത് ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇത്തരം അശാസ്ത്രീയമായ പാർക്കിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് പോലീസിന് കർശന നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
അമിതവേഗത, വെളിച്ചക്കുറവ്, അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. പാത പൂർണ്ണമായി തുറന്നുകൊടുക്കുമ്പോൾ സമ്പൂർണ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് (NHAI) ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

