പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിൽ എറണാകുളം ജില്ലയ്ക്ക് സുപ്രധാന പ്രാതിനിധ്യം. മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിസ്ഥാനങ്ങളാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.
പറവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ, അങ്കമാലി എംഎൽഎ റോജി എം.
ജോൺ, പിറവം എംഎൽഎയും കേരള കോൺഗ്രസ് (ജേക്കബ്) നേതാവുമായ അനൂപ് ജേക്കബ്, കളമശേരി എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ പി. രാജീവ് മാത്രമായിരുന്നു ജില്ലയിൽ നിന്നുള്ള ഏക മന്ത്രി എന്നതുകൂടി കണക്കിലെടുക്കുമ്പോൾ ഇത് ജില്ലയ്ക്ക് വലിയൊരു മുന്നേറ്റമാണ്.
**വി.ഡി. സതീശൻ (മുഖ്യമന്ത്രി)**
നിയമസഭയിലെ ദീർഘകാലത്തെ അനുഭവസമ്പത്തും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തന മികവുമാണ് വി.ഡി.
സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ധനം, തുറമുഖം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്യും.
2001-ൽ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ സതീശൻ തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1964 ഡിസംബർ 30-ന് ജനിച്ച അദ്ദേഹം കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെയാണ് വളർന്നുവന്നത്.
മികച്ച വാഗ്മിയും നിയമ ബിരുദധാരിയുമാണ് അദ്ദേഹം. ലക്ഷ്മിപ്രിയയാണ് ഭാര്യ.
**റോജി എം. ജോൺ (അങ്കമാലി)**
1982-ൽ ജനിച്ച റോജി എം.
ജോൺ 2016 മുതൽ അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിൽ സജീവമായ അദ്ദേഹം, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ട്.
എൻഎസ്യുഐ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ലിപ്സിയാണ് ഭാര്യ.
**അനൂപ് ജേക്കബ് (പിറവം)**
കേരള കോൺഗ്രസ് (ജേക്കബ്) നേതാവായ അനൂപ് ജേക്കബ്, പിതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടർന്ന് 2012-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് സഭയിലെത്തുന്നത്.
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പിറവം മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല. 1977-ൽ ജനിച്ച അനൂപ് നിയമ ബിരുദധാരിയാണ്.
അനില മേരി ഗീവർഗീസ് ആണ് ഭാര്യ. **വി.ഇ.
അബ്ദുൾ ഗഫൂർ (കളമശേരി)**
മുസ്ലിം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി.ഇ.
അബ്ദുൾ ഗഫൂർ കളമശേരിയിൽ നിന്ന് വിജയിച്ചാണ് മന്ത്രിസഭയിലെത്തുന്നത്. അഭിഭാഷകനായ ഇദ്ദേഹം തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്നാണ് നിയമബിരുദം നേടിയത്.
ലീഗിന്റെ ജില്ലാ ഭാരവാഹിയായും സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമാണ്. ദിലാറയാണ് ഭാര്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

