തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ അന്തിമരൂപരേഖ തയ്യാറായി. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് കൈമാറും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നത് ഉറപ്പായിട്ടുണ്ട്.
ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പിനൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്തേക്കും. കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും ലഭിക്കുക.
പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മന്ത്രിയായി ചുമതലയേൽക്കുന്ന മോൻസ് ജോസഫിന് ജലവിഭവ വകുപ്പോ കൃഷി വകുപ്പോ ലഭിക്കാനാണ് സാധ്യത.
എന്നാൽ, മറ്റ് പദവികൾ മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുമെന്നും തീരുമാനമായിട്ടുണ്ട്.
മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പും, മുതിർന്ന നേതാവ് കെ മുരളീധരൻ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തേക്കും.
എ പി അനിൽകുമാറിന് ടൂറിസം വകുപ്പും അധികമായി എക്സൈസ് വകുപ്പും ലഭിക്കാൻ സാധ്യതയുണ്ട്. പി.സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ് നൽകാനാണ് ധാരണ.
സാമൂഹ്യ നീതി വകുപ്പ് ബിന്ദു കൃഷ്ണയ്ക്കും, സഹകരണ വകുപ്പ് സിഎംപിയുടെ സി പി ജോണിനും ലഭിക്കും. മുസ്ലിംലീഗിന് 2011-ലെ വകുപ്പുകൾ തന്നെ നൽകാനാണ് നീക്കം.
എങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

